Sunday, November 23, 2014

2014 ജൂലൈ 14ന് ആന്‍റണ്‍ ചെക്കോവ് മരിച്ചിട്ട് 110 വര്‍ഷം തികഞ്ഞു.



അദ്ദേഹം ഇപ്പോഴും, നമുക്കരികില്‍, നമ്മുടെ സാഹിത്യ വര്‍ത്തമാനങ്ങളില്‍ ഇടപെട്ടുകൊണ്ട് സജീവമായി നില്ക്കുന്നു. അക്ഷരങ്ങളെ പ്രാണസഖിയായി സ്വീകരിച്ചുകൊണ്ടുള്ള ചെക്കോവിനെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്.

മരണത്തിലേക്കുള്ള യാത്ര

മോസ്കോയില്‍ നിന്നും തിരിച്ചെത്തിയ ചെക്കോവിനു ഡോക്ടര്‍മാരുടെ കര്‍ശനമായ ആജ്ഞയെ അനുസരിക്കേണ്ടതായി വന്നു. ഓള്‍ഗയുമൊത്ത് ചെക്കൊവ് ചികിത്സക്കായി ജര്‍മ്മനിയിലെ ബാദന്‍വെയിലറിലേക്കുതിരിച്ചു. രോഗത്തിനു കീഴടങ്ങിക്കൊണ്ടുള്ള യാത്ര.

ബാദെന്‍വെയിലറിലെ ചികിത്സ ചെക്കോവിന്‍റെ രോഗത്തില്‍ സാരമായമാറ്റം ഉണ്ടാക്കി എന്നു തോന്നിച്ചു. എന്നാല്‍ ഒരു ഹൃദയാഘാതം എല്ലാം മാറ്റിമറിച്ചു. രോഗം വഷളായി. വീണ്ടും ഉണ്ടായ ഒരു ഹൃദയാഘാതത്തിലൂടെ മരണം ചെക്കോവിനോട് അടുക്കുകയായിരുന്നു.

ജൂലൈ 14 പ്രഭാതം. ചെക്കോവ് മരണത്തിന്‍റെ വരവ് ആസ്വദിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഓരോചലനവും സൂഷ്മം നിരീക്ഷിച്ച് ഓള്‍ഗ അരികില്‍.

ജീവന്‍ ശരീരത്തില്‍ നിന്നും മെല്ല,മെല്ലെ വേര്‍പെടുന്നു.ചെക്കോവ് ഒട്ടും പതറിയില്ല. കീഴടങ്ങലിന്‍റെ സുഖം. അതുവരെ എഴുതാത്ത ഒരു കഥ ചെക്കോവ് മനസിന്‍റെ താളുകളില്‍ കുറിക്കുകയായിരുന്നു.

കഠിനമായ ശ്വാസ തടസം അദ്ദേഹത്തിനു അനുഭവപ്പെട്ടു. ഓള്‍ഗ പരിഭ്രാന്തിയോടെ ഡോക്ടര്‍ക്കായി ആളയച്ചു. ചെക്കോവിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നു. ഓള്‍ഗ ചെക്കോവിന്‍റെ ഹൃദയത്തില്‍ കൈയമര്‍ത്തുകയും തടവുകയും ചെയ്തു.

എന്‍റെ ശൂന്യമായ ഹൃദയത്തിനു ഇനി ഇതിന്‍റെ ആവശ്യമില്ല ചെക്കോവിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു. ഡോക്ടര്‍ എത്തി . അദ്ദേഹത്തിനു എന്തെങ്കിലും ചെയ്യാനാവും മുമ്പെ അവസാനവാക്കുകള്‍ ചെക്കോവില്‍ നിന്നും അടര്‍ന്നു വീണു. ഞാന്‍ മരിക്കുകയാണ്. ഏതാനും സെക്കന്‍റുകള്‍. തൂലികയിലെ അവസാന തുള്ളി മഷിയും പെയ്തൊഴിഞ്ഞു.

പ്രത്യേകപേടകത്തിലാക്കി ചെക്കോവിന്‍റെ മൃതദേഹം റഷ്യയിലേക്കുകൊണ്ടുപോയി. ആ പേടകത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു -ഓയിസ്റ്റേഴ്സ്(ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം ഉള്‍ക്കൊള്ളുന്നത്.....)