Wednesday, December 8, 2010

നെറ്റിന്റെ ശക്തിയും കുതിപ്പും


Bhsha India- Malayalam

പാരമ്പര്യ മാധ്യമമായ അച്ചടിയില്‍ നിന്ന് ഓണ്‍‌ലൈന്‍ മാധ്യമ ലോകത്തേക്ക് കടന്നുവരാന്‍ പത്രപ്രവര്‍ത്തകര്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓണ്‍‌ലൈന്‍ മലയാള ലോകമെന്നാല്‍ പലര്‍ക്കും ഭയമായിരുന്നു. രണ്ട് പതിറ്റാണ്ടുകളോളം അച്ചടി മാധ്യമത്തില്‍ തുടര്‍ന്ന്, പുതിയ ലോകത്തിന്റെ തുടിപ്പ് പഠിച്ചും അനുഭവിച്ചും അറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഓണ്‍‌ലൈന്‍ മാധ്യമത്തിലേക്ക് ശശിമോഹന്‍ താമരപ്പള്ളി കടന്നുവന്നത്.

നെറ്റിന്റെ ശക്തിയെ പറ്റിയും അത് പകരുന്ന വ്യത്യസ്താനുഭവത്തെ പറ്റിയും വെബ്‌ലോകം ഡോട്ട് കോമിന്റെ എഡിറ്ററായി ജോലി നോക്കുന്ന ശശിമോഹന്‍ ഭാഷാ‌ഇന്ത്യയോട് സംസാരിച്ചപ്പോള്‍..


ചോദ്യം: ഇക്കഴിഞ്ഞ ഏഴുവര്‍ഷമായി വെബ്‌ലോകം എന്ന ഭാഷാ പോര്‍ട്ടലിന്റെ അമരത്താണല്ലോ. എങ്ങനെയാണ് പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് ഓണ്‍‌ലൈന്‍ മാധ്യമം വ്യത്യസ്തമാവുന്നത്?

ശശിമോഹന്‍: ഏതാണ്ട് ഇരുപത് വര്‍ഷക്കാലം ഞാനും പരമ്പരാഗത മാധ്യമരംഗത്ത് ജോലി നോക്കിയിരുന്നയാളാണ്, മാതൃഭൂമിയില്‍. ഇന്ത്യന്‍ ഭാഷകളെ നെറ്റ് സ്വാധീനിക്കാന്‍ തുടങ്ങിയ കാലത്താണ് ഞാന്‍ ഓണ്‍‌ലൈന്‍ രീതിയിലേക്ക് തിരിയുന്നത്. നെറ്റ് ഒരു മാധ്യമം എന്നതിലുപരി, എല്ലാ മാധ്യമങ്ങളുടെയും പ്ലാറ്റ്‌ഫോമാണ്. മാധ്യമങ്ങളെല്ലാം നെറ്റില്‍ കൂടിച്ചേരുകയാണ്. റേഡിയോയും ടിവിയും പത്രവും നെറ്റിലുണ്ട്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ‘കണ്‍‌വേര്‍ജന്‍സ് ഓഫ് മീഡിയാസ് ആണ് നെറ്റ്’ എന്ന് പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാവും. ഈ പ്രത്യേകതയാണ് നെറ്റിനെ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ചോദ്യം: ഇന്ത്യന്‍ ഭാഷകളില്‍, പ്രത്യേകിച്ച് മലയാളത്തില്‍, നെറ്റ് എങ്ങനെ പുരോഗമിക്കുന്നു? വേണ്ടത്ര ഉപയോക്താക്കളെയും വേണ്ടത്ര വരുമാനവും നേടിയെടുക്കാന്‍ ഭാഷാ സംരംഭങ്ങള്‍ക്കാവുന്നുണ്ടോ?

ശശിമോഹന്‍: വെബ്‌ലോകവും ദാറ്റ്‌സ്മലയാളവും മറ്റും പോര്‍ട്ടലെന്ന ആശയവുമായി ഉപയോക്താക്കളെ സമീപിക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സൈറ്റുകളേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നെറ്റിലൊന്ന് പരതി നോക്കൂ. നൂറുകണക്കിന് സൈറ്റുകളാണ് ഇന്ന് മലയാളത്തില്‍. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ പോര്‍ട്ടലും ആരംഭിച്ചിരിക്കുന്നു. ഇവയ്ക്ക് പുറമെ, മൈക്രോസോഫ്റ്റ് സംരംഭമായ എം എസ് എന്‍ ഇതാ മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തനം അരംഭിച്ചിരിക്കുന്നു. യാഹുവും ഇതേ പാതയിലാണ്.

ഇന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്നവരേക്കാള്‍ കൂടുതലുള്ളത് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. ഇംഗ്ലീഷ് ഉപയോഗിക്കുന്നവരില്‍ പലരും മാതൃഭാഷയെ ഇഷ്ടപ്പെടുന്നവരുമാണ്. വലിയൊരു വിപണിയാണിത്. ഈ വിപണിയിലേക്കാണ് ഭാഷാ പോര്‍ട്ടലുകള്‍ കണ്ണുനടുന്നത്. ഇംഗ്ലീഷ് നെറ്റില്‍ നിന്ന് ഭാഷാ നെറ്റിലേക്കുള്ള മാറ്റം വേണ്ടത്ര വരുമാനവും കൊണ്ടുവരുന്നുണ്ട്.

ചോദ്യം: നെറ്റില്‍ പ്രാദേശികഭാഷകള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കയാണല്ലോ. എന്നാല്‍ നെറ്റില്‍ മാത്രം ഭാഷകള്‍ വന്നതു കൊണ്ടായോ? പ്രയോഗങ്ങളും പ്രോഗ്രാമുകളും പ്രാദേശികവല്‍ക്കരിക്കപ്പെട്ടാലല്ലേ കൂടുതല്‍ ഭാഷാ ഉപയോക്താക്കള്‍ കമ്പ്യൂട്ടറിനെ ആശ്രയിച്ചു തുടങ്ങുക?

ശശിമോഹന്‍: തീര്‍ച്ചയായും. ഇംഗ്ലീഷ് അറിയുന്നവര്‍ക്കായാണ് കമ്പ്യൂട്ടര്‍ രൂപകല്‍‌പന ചെയ്യപ്പെട്ടതെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാണ്. അതുപോലെ മറ്റനവധി പ്രയോഗങ്ങളും പ്രോഗ്രാമുകളും ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ മൊത്തം മലയാളമാവുന്ന ഒരവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. മലയാളത്തില്‍ ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍ നിലവില്‍ വന്നാല്‍ നെറ്റിലെ മലയാളി സാന്നിധ്യം നൂറിരട്ടിയാവും എന്നതിന് സംശയമില്ല.

ചോദ്യം: പ്രാദേശികവല്‍ക്കരണ (ലോക്കലൈസേഷന്‍) രംഗത്ത് മാത്രമല്ല, പ്രാദേശിക ഭാഷകളുടെ നെറ്റിലെ സാന്നിധ്യത്തിലും യൂണീകോഡ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. മലയാളഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന യൂണീകോഡ് പ്രവര്‍ത്തനങ്ങളെ പറ്റി?

ശശിമോഹന്‍: നെറ്റിലെ ഉള്ളടക്കത്തിന്റെ (കണ്ടന്റ്) കാര്യത്തിലാണെങ്കില്‍, ഇതുവരെ മിക്കയാളുകളും ഫോണ്ടുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഓരോ സൈറ്റും കാണണമെങ്കില്‍ അതാതിന്റെ ഫോണ്ട് ഡൌണ്‍‌ലോഡ് ചെയ്യണം എന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിനൊരു പരിഹാരമായി ഡൈനാമിക് ഫോണ്ട് നിലവില്‍ വന്നു. ഡൈനാമിക് ഫോണ്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകളിലെ ഉള്ളടക്കം കാണാന്‍ ഫോണ്ട് ഡൌണ്‍‌ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍ ഈ ഉള്ളടക്കം കമ്പ്യൂട്ടറിലേക്ക് സംരക്ഷിക്കണമെങ്കില്‍ ഫോണ്ട് ഡൌണ്‍‌ലോഡ് ചെയ്യണം.

യൂണീകോഡിന്റെ വരവോടെ ഇപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. പ്ലാറ്റ്‌ഫോം, പ്രോഗ്രാം, പ്രയോഗം എന്നിവയ്ക്കുപരിയായി, ഭാഷകളിലെ ഓരോ കാരക്ടറിനും ഒരു സവിശേഷ സംഖ്യ എന്നാണല്ലോ യൂണീകോഡിന്റെ തത്വം. പുതിയ മലയാള സൈറ്റുകള്‍ എല്ലാം തന്നെ യൂണീകോഡിനെ ആശ്രയിക്കുന്നവയാണ്. പഴയവയാകട്ടെ, പരമ്പരാഗത ഫോണ്ട് ശൈലിയില്‍ നിന്ന് യൂണീകോഡിലേക്കുള്ള മാറ്റത്തിലുമാണ്.

തുടക്കത്തില്‍ മലയാളം യൂണീകോഡിന് ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ലെന്നല്ല. എങ്കിലും അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ടായാലേ ഇപ്പോള്‍ യൂണീകോഡ് ഉപയോഗിക്കാനാവൂ. നാട്ടിലെ ഭൂരിഭാഗം കമ്പ്യൂട്ടറുകളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുന്നതോടെ ഈ സ്ഥിതിക്ക് പരിഹാരമുണ്ടാവും. ചില കാരക്ടറുകള്‍ കാണുന്ന രീതിക്ക് ഇനിയും യൂണീകോഡില്‍ മാറ്റമുണ്ടാവാനുണ്ട് എന്നതാണ് മറ്റൊരു പ്രശ്നം. അതുകൂടി ശരിയാക്കിയെടുക്കാന്‍ നമുക്കായാല്‍ കൂടുതല്‍ പ്രയോഗങ്ങളും പ്രോഗ്രാമുകളും മലയാളത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

ചോദ്യം: ഭാഷാ‌ഇന്ത്യ, മലയാളത്തിലൊരു വിഭാഗം ആരംഭിച്ചത് കണ്ടുകാണുമല്ലോ. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ഭാഷാ‌ഇന്ത്യ നടത്തുന്ന പ്രവര്‍ത്തങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ശശിമോഹന്‍: ഭാഷാ‌ഇന്ത്യയുടെ നിത്യസന്ദര്‍ശകനാണ് ഞാന്‍. ഭാഷാ‌ഇന്ത്യയിലെ ചര്‍ച്ചവേദികള്‍ പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ഭാഷാ‌ഇന്ത്യ പുതുവര്‍ഷ സമ്മാനമായി മലയാളികള്‍ക്ക് ഒരുക്കിയ വിഭാഗം കണ്ടു. തീര്‍ച്ചയായും ഇത്തരം സംരംഭങ്ങള്‍ പ്രശംസിക്കപ്പെടേണ്ടവ തന്നെ. ഇന്ത്യന്‍ ഭാഷകളെ കൈപിടിച്ച് കമ്പ്യൂട്ടറിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന ഭാഷാ‌ഇന്ത്യക്കെന്റെ അഭിനന്ദനങ്ങള്‍!

No comments: